കോഴിക്കോട്: ഹാൻസ് കൈവശം വച്ചതിന് കെഎസ്ആർടിസി യാത്രക്കാരന് എക്‌സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. ഇതോടെ യാത്രക്കാരന് ദേഷ്യം വന്ന് കണ്ടക്ടറെ മർദ്ദിച്ചതായി പരാതി.
വ്യാഴാഴ്‌ച രാവിലെ 7.20നായിരുന്നു സംഭവം. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം സ്വദേശി എം എം അഭിജിത്തിനാണ് (43) മർദ്ദനമേറ്റത്. കോഴിക്കോട്ടേക്ക് വരുംവഴി തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് ഹാൻസ് കൈവശം വച്ചതിന് യാത്രക്കാരനോട് ഉദ്യോഗസ്ഥർ പിഴയടക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, പിഴയടക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടക്കാൻ ആവശ്യപ്പെട്ടു.
യാത്രക്കാരൻ അത് സമ്മതിക്കുകയും ചെയ്‌തു. ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ കണ്ടക്ടറുടെ അടുത്തേക്കെത്തി. ഈ സമയം കണ്ടക്ടർ തൻ്റെ സീറ്റിലിരുന്ന് ടിക്കറ്റ് മെഷീനിൽ യാത്രയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുകയായിരുന്നു. ഇതിനിടയിൽ ഒരു പ്രകോപനവുമില്ലാതെ യാത്രക്കാരൻ കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കണ്ടക്ടർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ksrtc bus conductor attacked by passenger in kozhikode

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.