ഹോം വോട്ടിംഗ്;85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം #Kozhikode

 


കോഴിക്കോട് :തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയവും സൗകര്യപ്രദമാക്കുന്നതിൻ്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീടുകളിൽ നിന്നും വോട്ട് ചെയ്യാൻ (ഹോം വോട്ടിംഗ്) സൗകര്യം. 85 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്കുമാണ് ഈ സേവനം ലഭ്യമാവുക.

ഇതിനു പുറമെ, ജോലി കാരണം പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്ത ആവശ്യ സർവ്വീസുകളിൽ ഉൾപ്പെട്ടവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരമുണ്ട്. അവശ്യ സർവീസ് വിഭാഗത്തിലുള്ളവർ ഭരണാധികാരി നിശ്ചയിക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെൻ്ററിൽ (പിവിസി) എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

ഹോം വോട്ടിംഗിനും പോസ്റ്റല്‍ വോട്ടിംഗിനുമുള്ള അപേക്ഷകള്‍ ഫോറം 12ഡി-യില്‍ മാര്‍ച്ച് 21നകം ബന്ധപ്പെട്ട ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. അപേക്ഷയുടെ മാതൃക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (https://kozhikode.nic.in/en/postal-ballot-form-12d/) ലഭ്യമാണ്.

ഹോം വോട്ടിംഗിനുള്ള അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തരം നൽകാം. നിലവിലുള്ള വോട്ടർ പട്ടികയിൽ മുതിർന്നവർക്ക് അഥവാ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയവർക്ക് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക. അർഹരായ ഭിന്നശേഷിക്കാർ അപേക്ഷയോടൊപ്പം ഭിന്നശേഷിയും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. മുതിർന്നവർക്ക് 12 ഡി ഫോറത്തിലുള്ള അപേക്ഷ മാത്രം മതിയാകും.

പോലീസ്, ഫയർ ഫോഴ്‌സ്, ജയിൽ, എക്‌സൈസ്, ഫോറസ്റ്റ്, മിൽമ, വാട്ടർ അതോറിറ്റി, ട്രഷറി, ആരോഗ്യ വകുപ്പ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ, ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, തപാൽ വകുപ്പ്, ബി എസ് എൻ എൽ, തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവർത്തകർ തുടങ്ങി അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവരും വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലായതിനാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യാൻ കഴിയാത്തവരുമായ വോട്ടർമാരെയാണ് അവശ്യ സർവ്വീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ നിശ്ചിത ഫോറത്തിലെ അപേക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനം/വകുപ്പ് നിയമിച്ച നോഡൽ ഓഫീസറുടെ സാക്ഷ്യപത്രവും സമർപ്പിക്കണം.

 Those over 85 and those with disabilities can vote from home; must apply before the 21st

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0