മാതാപിതാക്കൾക്ക് എച്ച്ഐവി ഉണ്ടെങ്കിൽ അത് കുഞ്ഞിനും പകരുമെന്നത് സമൂഹത്തിൽ നിലനിൽക്കുന്ന പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണയാണ്.
എന്നാൽ ആധുനിക ചികിത്സാരീതികളും കൃത്യമായ മുൻകരുതലുകളും വഴി എച്ച്ഐവി പോസിറ്റീവായ ദമ്പതികൾക്കും രോഗബാധയില്ലാത്ത ആരോഗ്യവാനായ കുഞ്ഞിന് ജന്മം നല്‍കാനാകുമെന്ന് ആരോഗ്യരംഗത്ത് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗർഭകാലം, പ്രസവം, മുലയൂട്ടൽ എന്നീ ഘട്ടങ്ങളിലൂടെയാണ് സാധാരണയായി അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകരുന്നത്. എന്നാൽ അമ്മ കൃത്യസമയത്ത് ചികിത്സ തേടുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്താൽ ഈ സാധ്യത ഇല്ലാതാക്കാം.
അച്ഛൻ പോസിറ്റീവായതുകൊണ്ട് മാത്രം ഗർഭസ്ഥശിശുവിന് രോഗം പകരില്ല എന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുത. ആൻ്റി റിട്രോവൈറൽ തെറാപ്പി (ART) എന്ന ചികിത്സയിലൂടെ അമ്മയുടെ ശരീരത്തിലെ വൈറസിൻ്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
ഗർഭധാരണത്തിന് മുൻപോ ഗർഭത്തിൻറെ ആദ്യ ഘട്ടങ്ങളിലോ ഈ ചികിത്സ ആരംഭിച്ചാൽ കുഞ്ഞിലേക്ക് വൈറസ് എത്തുന്നത് പൂർണ്ണമായും തടയാനാകും. വൈറൽ ലോഡ് 'അൺഡിറ്റക്റ്റബിൾ' എന്ന അവസ്ഥയിലേക്ക് മാറിയാൽ പകർച്ച സാധ്യത ഏതാണ്ട് പൂജ്യമായി മാറും.
ഗർഭകാലത്തെ കൃത്യമായ പരിശോധനകളും ഡോക്ടറുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകളും ഇതിൽ നിർണ്ണായകമാണ്. പ്രസവസമയത്ത് അമ്മയുടെ ശരീരസ്രവങ്ങളുമായി കുഞ്ഞ് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കാനും നവജാതശിശുക്കൾക്ക് പ്രതിരോധ മരുന്നുകൾ നൽകാനും ഇന്ന് ഫലപ്രദമായ മാർഗ്ഗങ്ങളുണ്ട്.
ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത് എച്ച്ഐവി ബാധിതരായ മാതാപിതാക്കൾക്ക് രോഗത്തെ ഭയക്കാതെ തന്നെ സുരക്ഷിതമായ രീതിയിൽ മാതൃത്വവും പിതൃത്വവും ആസ്വദിക്കാൻ സാധിക്കുമെന്ന് ആരോഗ്യ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
HIV-infected parents can also give birth to healthy babies

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.