തിരുവനന്തപുരം:മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ടാണെന്ന് കോടതി. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്ത കാരണത്താലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്ന് കോടതി അറിയിച്ചു.
വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കോടതി കർമ്മ നിർദ്ദേശം നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നസീറയുടെതാണ് ഉത്തരവ്. കേസില്‍ വിമാനസുരക്ഷ നിയമം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് പോലീസിന് തിരിച്ചടിയായി. 2024 ഏപ്രിലിലാണ് കുറ്റപത്രം പ്രോസിക്യൂഷൻ അനുമതിക്കായി കേന്ദ്രത്തിന് അയച്ചത്.
കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ് തൻ്റെ പാസ്‌പോർട്ട് പുതുക്കുന്നതിന് വേണ്ടി സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിച്ചത്. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതുമൂലം ഹര്ജി പരിഗണിക്കുന്നത് രണ്ട് തവണകളായി മാറ്റിയതാണ് കോടതിയെ കര്‍ശന നടപടിക്ക് പ്രേരിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന ശബരീനാഥൻ എന്നിവരാണ് കേസിൽ പ്രതികൾ.
2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഐ- 7407 വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ പ്രതിഷേധിക്കുകയായിരുന്നു.
അന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജൻ്റെ പരാതിയിൽ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെ.എസ്. ശബരിനാഥനെ പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ്സിൻ്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ വിമാനത്തിൽ പ്രതിഷേധം ആഹ്വാനം ചെയ്തെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തത്. വധശ്രമത്തിനു പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തിയിരുന്നു. വിമാനത്തിൽ വച്ച് യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിച്ചെന്നും വിമാനത്തിനു കേടുപാടുണ്ടാക്കിയെന്നുമുള്ള മറ്റ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വ്യോമയാന നിയമം ഉൾപ്പെടുത്തിയതിനാൽ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിനു റിപ്പോർട്ട് കൈമാറി.
എന്നാൽ മൂന്നു വർഷത്തോളമായി കേന്ദ്രം അനുമതി നൽകിയില്ല. പല പ്രാവശ്യം സർക്കാർ കത്തെഴുതിയതിനെ തുടർന്ന് 2025 സെപ്റ്റംബറിൽ കേന്ദ്രം അനുമതി നിഷേധിച്ച് മറുപടി നൽകിയത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ജയരാജനെതിരെയും കേസെടുത്തിരുന്നു.
The case of an attempt to assassinate the Chief Minister on a plane; the court strongly criticized


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.