പുതിയ തൊഴിലുറപ്പ് പദ്ധതി ജൂലൈ 1 മുതൽ: തൊഴിലാളികൾക്ക് കയ്പുനീർ, സംസ്ഥാനങ്ങൾക്ക് സാമ്പത്തികഭാരം #New_Employment_Scheme

Malayoram News Image
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന 'വികസിത ഭാരത് — ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ ഗ്രാമീൺ (വിബി ജി ആര്‍എഎംജി)' പദ്ധതി ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള പദ്ധതി ജൂൺ 30ന് അവസാനിക്കും. ഈ പുതിയ പദ്ധതി സാധാരണ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന അവിദഗ്ധ തൊഴിൽ ദിനങ്ങളിൽ വലിയ കുറവുണ്ടാക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

ഗ്രാമീണ കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് പകരമായി, 125 ദിവസം തൊഴിൽ വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതി മധുരത്തിൽ പൊതിഞ്ഞ കയ്പുനീരായിരിക്കുമെന്ന് വിമർശകർ പറയുന്നു. പുതിയ പദ്ധതിയിലെ പല പ്രവൃത്തികളും അവിദഗ്ദ്ധ തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതിന് ഒട്ടുംതന്നെ അനുയോജ്യമല്ല.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിനും മണ്ണ്, ജല സംരക്ഷണം, ജൈവ വൈവിധ്യ പരിപോഷണം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ഇത് വലിയ തോതിൽ അവിദഗ്ദ്ധ കായികതൊഴിൽ സൃഷ്ടിക്കാൻ പര്യാപ്തമായിരുന്നു. എന്നാൽ പുതിയ പദ്ധതിയിൽ പ്രകൃതിവിഭവ പരിപാലനം എന്ന സമഗ്രമായ കാഴ്ചപ്പാടിനെ കേന്ദ്രം പൂർണ്ണമായും ഒഴിവാക്കി ജലസംരക്ഷണത്തിൽ മാത്രമായി പരിമിതപ്പെടുത്തി.

നിലവിലെ പദ്ധതിയിൽ പൊതുഭൂമിയിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ചെറുകിട/നാമമാത്ര കർഷകരുടെയും സ്വകാര്യ ഭൂമിയിലും ആവർത്തന സ്വഭാവമില്ലാത്ത ഭൂവികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നു. പുതിയ പദ്ധതിയിൽ അത്തരം പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സാധ്യമല്ലാതാകും. പുതിയതായി നിർദ്ദേശിച്ചിട്ടുള്ള 318 പ്രവൃത്തികളിൽ ഭൂരിഭാഗവും സാധനസാമഗ്രികളും വിദഗ്ദ്ധ തൊഴിലും ധാരാളമായി ആവശ്യമുള്ളവയാണ്. ഇത് സാധാരണ തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കും.

സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയും പുതിയ പദ്ധതി വരുത്തിവെക്കും. കേന്ദ്രസർക്കാർ ആകെ ചെലവിൻ്റെ 60% മാത്രമായിരിക്കും ഇനി നൽകുക. ബാക്കിവരുന്ന അധിക തുക സംസ്ഥാനങ്ങൾ സ്വന്തമായി വഹിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് കേരളത്തിന് പ്രതിവർഷം 2000-2500 കോടി രൂപയുടെ അധിക ഭാരം വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Hashtags: #VBGRAMG #RuralEmployment #GovernmentScheme #തൊഴിലുറപ്പ് #കേന്ദ്രസർക്കാർ #ഗ്രാമീണവികസനം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0