തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ കരുത്തേകാൻ സ്ത്രീ സംരംഭങ്ങളെ മുന്നോട്ട് നയിച്ച് സർക്കാർ. സ്‌ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്‌ത്രീകൾ നടത്തുന്ന 140 ടൂറിസം സംരംഭങ്ങൾക്ക് ധനസഹായം നൽകാനാണ് ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.
ഉത്തരവാദിത്വ ടൂറിസം മിഷനുകീഴിൽ രജിസ്റ്റർചെയ്‌ത തദ്ദേശീയ ഭക്ഷണം (വീട്ടിലെ ഭക്ഷണം വിളമ്പുന്ന അംഗീകൃത യൂണിറ്റ്) നൽകുന്ന സംരംഭങ്ങൾക്കായി വീട്ടമ്മമാർക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. നല്ല നിലയിൽ പ്രവർത്തിക്കുന്ന, സ്‌ത്രീകളുടെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേകൾക്കും തദ്ദേശീയ ഭക്ഷണ വിതരണത്തിനും ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ ധനസഹായം നൽകുന്നുണ്ട്. ടൂറിസം മേഖലയിൽ സ്‌ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ സ്‌ത്രീ സൗഹൃദ ടൂറിസം നയവും ജെൻഡർ ഓഡിറ്റും നടപ്പാക്കും. സ്‌ത്രീകൾക്ക് മാത്രമായി ഡിസ്‌കൗണ്ട് ടൂർ പാക്കേജുകളുമുണ്ടാകും. ആഗോള വിനോദസഞ്ചാര ഹബ്ബായി വളരുന്ന കേരളത്തിന് ഈ സംരംഭങ്ങൾ കൂടുതൽ മുതൽക്കൂട്ടാകും.
ടൂറിസം രംഗത്ത് വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും സ്‌ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ രൂപീകരിക്കാനുമായി 1.50 കോടി രൂപ വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.