പേരാമ്പ്ര(കോഴിക്കോട്) : മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പാടത്തിനുനടുവിൽ വിശ്രമിക്കാൻ പ്രകൃതിരമണീയമായ ഒരു സ്ഥലം. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പാറപ്പുറത്തിനുസമീപമുള്ള കാരയിൽനട അടുത്തകാലത്ത് ചെറുപ്പക്കാരുടെ ഇഷ്ടകേന്ദ്രമാണ്.
വൈകുന്നേരമായാൽ ചെറുസംഘങ്ങളായി യുവതീയുവാക്കളും കുടുംബങ്ങളുമെല്ലാം ഇവിടേക്കെത്തും. തോട്ടിൽ നീന്തൽപഠിക്കാൻ അവധിദിവസങ്ങളിലെല്ലാം കുട്ടികളുടെ വലിയതിരക്കാണ്. വൈകുന്നേരം രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികളെക്കൊണ്ട് ഇവിടം നിറയും. മഴക്കാലമായതോടെ ഒട്ടേറെ യുവാക്കളും നീന്താനായി ഇവിടെയെത്തുന്നു.
ജില്ലയുടെ നെല്ലറയെന്നുവിശേഷിപ്പിക്കുന്ന ആവളപാണ്ടി പാടശേഖരത്തിനുനടുവിലാണ് ഈ സ്ഥലം. പന്നിമുക്ക്-ആവള റോഡിലെ പാറപ്പുറത്തുനിന്ന് ചെറുവണ്ണൂർവഴിയും ഇവിടേക്കെത്താനാകും. സന്ദർശകർ കൂടിയതോടെ ഇവിടം കൂടുതൽ മനോഹരമാക്കാനുള്ള ശ്രമങ്ങളും ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് പറഞ്ഞു.
റോഡിന് വശങ്ങളിൽ ഹാൻഡ് റെയിൽ ഘടിപ്പിക്കലും പാതയോരത്ത് സിമന്റുകട്ട പതിക്കലും ചെയ്തിട്ടുണ്ട്. ബെഞ്ചുകളും സ്ഥാപിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ച് വയോജനപാർക്ക് എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പത്തുലക്ഷം രൂപയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടന്നത്.
രാത്രിയിൽ പ്രദേശത്ത് വെളിച്ചമെത്തിക്കാൻ സോളാർ വിളക്കുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. പുറത്തുനിന്ന് എത്തുന്നവർ പലരും പ്രദേശത്ത് മാലിന്യം വലിച്ചെറിഞ്ഞുപോകുന്നത് ഒഴിവാക്കാനുള്ള നടപടിയും വേണം. നിരീക്ഷണക്യാമറകൾ സ്ഥാപിച്ചാൽ ഇതിന് പരിഹാരംകാണാനാകും. ഇനിനടക്കുന്ന പ്രവൃത്തിയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.