മഞ്ചേശ്വരം : കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ അമ്മയെ മകൻ തീകൊളുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. വോർക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊണ്ടാരയുടെ ഭാര്യ ഹിൽഡ മൊണ്ടാരയെയാണ് (60) മകൻ മെൽവിൻ ദാരുണമായി കൊലപ്പെടുത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിണ് മെൽവിൻ.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉറങ്ങുകയായിരുന്ന ഹിൽഡയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനുശേഷം അയൽവാസിയും ബന്ധുവുമായ വിക്ടറിന്റെ ഭാര്യ ലോലിതയെ (30) അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചുവരുത്തിയ മെൽവിൻ ലോലിതയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തതാണ് ശ്രമിച്ചു. ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോലിതയുടെ നിലവിളികേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തുമ്പോഴേക്കും മെൽവിൻ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിനിടയിലാണ് ഹിൽഡയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ഹിൽഡ മൊണ്ടാരയുടെ മറ്റൊരു മകൻ അൽവിൻ മൊണ്ടാര കുവൈത്തിലാണ്. പ്രതി മെൽവിൻ ഒളിവിലാണ്. ഇയാൾക്കായി മഞ്ചേശ്വരം പൊലീസ് തിരച്ചിൽ ആരംഭിച്ചു