അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകർന്ന് വീണ് അപകടം. അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ടേക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ജനവാസ മേഖലയിലേക്കാണ് വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.
ബിഎസ്‌എഫ്, എൻഡിആർഎഫ് ടീമുകളെ രക്ഷപ്രവര്ത്തനത്തിനായി അയച്ചിട്ടുണ്ട്. തകർന്ന വിമാനം 11 വർഷം പഴക്കമുള്ള ബോയിംഗ് 787 ഡ്രീംലൈനർ ആണെന്നാണ് വിവരം. അപകട കാരണം വ്യക്തമായിട്ടില്ല. ആളപായം സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.