തിരുവനന്തപുരം
ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. പ്രധാന ഘട്ടത്തിലെ അവസാന അലോട്ട്മെന്റാണിത്. പ്രവേശനം 16, 17 തീയതികളിൽ നടക്കും. അലോട്ട്മെന്റിൽ ഇടം നേടുന്നവർ എല്ലാവരും ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. ക്ലാസ്സുകൾ ജൂൺ 18 നു ആരംഭിക്കും, ആദ്യ രണ്ട് അലോട്ട്മെന്റുകളിലും താൽക്കാലിക പ്രവേശനം അനുവദിച്ചു. രണ്ടാമത്തെ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ആകെ 2,42,688 പേർക്ക് പ്രവേശനം ലഭിച്ചു. മൂന്നാം അലോട്ട്മെന്റിന് മെറിറ്റിൽ 93,594 സീറ്റുകൾ ബാക്കിയുണ്ട്. വിദ്യാർത്ഥികളില്ലാത്തതിനാൽ, ഒഴിവുള്ള സംവരണ സീറ്റുകളും ജനറൽ അലോട്ട്മെന്റിലേക്ക് മാറ്റും. അതിനാൽ, മൂന്നാം അലോട്ട്മെന്റിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം ലഭിക്കും. ഉയർന്ന ഓപ്ഷനുകൾ ലഭിക്കാനുള്ള സാധ്യതയും വർദ്ധിക്കും.
തെറ്റായ വിവരങ്ങൾ നൽകിയതിനാലോ പ്രധാന ഘട്ടത്തിൽ ഓപ്ഷൻ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
പ്രധാന ഘട്ട പ്രവേശന സമയപരിധി കഴിഞ്ഞാൽ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവ് വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പിന്റെ ഒന്നാം വർഷ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് 16 മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിൽ പ്രസിദ്ധീകരിക്കും.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.