മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാളാഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചലച്ചിത്രതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ ഹാസനും ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ പിണറായി വിജയന് മാത്രമല്ല അദ്ദേഹം ജന്മദിനാശംസകള് നേര്‍ന്നത്, കുഞ്ഞുറെയ്ഹാന് കൂടിയാണ്.,
കടകംപള്ളി സുരേന്ദ്രന്റെ പേരക്കുട്ടിയാണ് റെയ്ഹാന്. 'കേരളത്തിന്റെ പ്രിയങ്കരനായ ക്യാപ്റ്റന്‍ സഖാവ് പിണറായി വിജയനും എന്റെ കുഞ്ഞു റെയ്ഹാനും ജന്മദിനാശംസകള്' -ഇതാണ് കടകംപള്ളി സുരേന്ദ്രന് കുറിച്ചത്. ചുവന്ന ഹൃദയത്തിന്റെ ഇമോജിയും ഒപ്പമുണ്ടായിരുന്നു. പിണറായി വിജയന്റേയും റെയ്ഹാന്റേയും ചിത്രവും അദ്ദേഹം പങ്കുവെച്ചു.. പോസ്റ്റിനുതാഴെ പിണറായി വിജയനും റെയ്ഹാനും പിറന്നാളാശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേരാണ് കമന്റുകളെഴുതിയത്.
2024 മേയ് 24-നാണ് കടകംപള്ളി സുരേന്ദ്രന്റെ മകന് അനൂപ് സുരേന്ദ്രന്റേയും ഭാര്യ ഗീതുവിന്റേയും മകനായി റെയ്ഹാന് പിറന്നത്. താൻ വീണ്ടുമൊരു അപ്പൂപ്പനായെന്നും ഗീതുവിനും അനൂപിനും റെയ്ഹാൻ എന്ന ആൺ കുഞ്ഞു പിറന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ അന്ന് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. കുഞ്ഞുറെയ്ഹാന്റെ ചിത്രവും ഒപ്പം അദ്ദേഹം പങ്കുവെച്ചു.
1945 മേയ് 24-നാണ് പിണറായി വിജയൻ ജനിച്ചത്. നിശ്ചയദാര്‍ഢ്യമുള്ള നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കമല്ഹാസന് മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്നത്. അദ്ദേഹത്തിന്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ചുവെന്നും വരുംവര്‍ഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നതായും കമല്‍ ഹാസന് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മമ്മൂട്ടിയും പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്', ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.