നാടുകടത്തല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക. ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്സില്‍നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യയിലെ യുഎസ് എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിസാ നിബന്ധനകള്‍ പാലിക്കുകയും സ്റ്റുഡന്റ് സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്യുക - ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷം ആദ്യമുണ്ടായ നാടുകടത്തല്‍ നടപടികള്‍ക്ക് പിന്നാലെയാണ് യുഎസ് സര്‍ക്കാരില്‍ നിന്നുള്ള മുന്നറിയിപ്പ്. കൂട്ട നാടുകടത്തല്‍ നടപടികള്‍ക്കിടെ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് പല കോളേജുകളും വിദേശ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ റദ്ദാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.
ഇന്ത്യയിലെ യുഎസ് എംബസിയും ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍
സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ
നാടുകടത്തല്‍ നടപടികളുടെ ഭാഗമായി 2025 ജനുവരി മുതല്‍ അമേരിക്ക
ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയിരുന്നു. ഇന്ത്യന്‍
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 682 ഇന്ത്യന്‍
പൗരന്മായൊണ് യുഎസില്‍നിന്ന് നാടുകടത്തിയത്. അവരില്‍ ഭൂരിഭാഗവും
നിയമവിരുദ്ധമായി അവിടെ എത്തിയവരായിരുന്നു.