വിവാഹദിവസം കാമുകൻ മുങ്ങി; വനിതാ ഡോക്ടർ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി... #Crime_News

 


വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം.25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവില്‍ കോടതിയില്‍ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു. പക്ഷേ, വിവാഹം രജിസ്റ്റര്‍ ചെയ്യാനായി താന്‍ കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടര്‍ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയായ ഡോക്ടറെയും പോലീസ് പിടികൂടി.

അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഹാജിപുര്‍ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. മഥൗരയിലാണ് ഇവര്‍ പ്രാക്ടീസ് ചെയ്യുന്നത്. പ്രതിയും യുവാവും അവിവാഹിതരാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0