എസ്‌എംഎ മരുന്ന് വിതരണത്തിൽ ഗുരുതര ചട്ടലംഘനം; കെഎംഎസ്‌സിഎൽ നടപടികളിൽ ദുരൂഹത, തെളിവുകൾ പുറത്ത് #SMAMedicine

Post Image
തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) രോഗികൾക്കുള്ള ജനറിക് മരുന്ന് വിതരണത്തിൽ ഗുരുതര ചട്ടലംഘനം നടന്നതിന്‌ വ്യക്തമായ തെളിവുകൾ പുറത്ത്. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ (കെഎംഎസ്‌സിഎൽ) നിയമങ്ങൾ ലംഘിച്ചതിന്‌ പുറമേ, ടെൻഡർ നൽകിയശേഷം വ്യവസ്ഥകളും ഭേദഗതിചെയ്‌തു. പർച്ചേസ് ഓർഡറുകൾ നൽകാതെ നേരിട്ട് മരുന്നുകൾ വാങ്ങി രോഗികൾക്ക് വിതരണം ചെയ്തെന്നും വിവരങ്ങൾ വെളിപ്പെടുത്തുന്നു.

‘റിസ്ഡിപ്ലാം ഓറൽ സൊല്യൂഷൻ' മരുന്ന് വിതരണത്തിനായി സെപ്തംബർ 22നും 26നുമാണ് കെഎംഎസ്‌സിഎൽ ഇ-ടെൻഡർ വിളിച്ചത്. ഒക്‌ടോബർ ഒന്നിന് നാറ്റ്‌കോ ഫാർമയെ എൽ-വൺ കമ്പനിയായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, ഈ കമ്പനിക്ക് 2024 നവംബർ അഞ്ച് മുതൽ മാത്രമാണ് മരുന്നിന് ഉൽപ്പാദനാനുമതിയുള്ളതെന്നും, ടെൻഡർ വ്യവസ്ഥയായ മൂന്ന് വർഷത്തെ മാർക്കറ്റ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നും കെഎംഎസ്‌സിഎൽ തന്നെ നാറ്റ്‌കോ കമ്പനിക്ക് ഇ-മെയിൽ അയച്ചിരുന്നു. സെപ്‌തംബർ 29ന് തുറന്ന സാങ്കേതിക ബിഡ് പരിശോധനയിൽ ഈ വിഷയങ്ങൾ കണ്ടെത്തിയതായും പറയുന്നു.

മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനിയെ പരിഗണിച്ചതിൽ അവ്യക്തത നിലനിൽക്കെ, ഒക്‌ടോബർ എട്ടിന് കെഎംഎസ്‌സിഎൽ ടെൻഡർ അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഒമ്പതിന്, ചട്ടവിരുദ്ധമായി മാർക്കറ്റിങ് സ്റ്റാൻഡിങ് വ്യവസ്ഥയിൽ ഭേദഗതി വരുത്തി. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾക്ക് മൂന്ന് വർഷത്തിനുപകരം ഒരു വർഷത്തെ വാണിജ്യബാച്ച് വിതരണം മതിയെന്ന് ഇളവ് നൽകിയെങ്കിലും, ഈ ഒരു വർഷത്തെ വ്യവസ്ഥപോലും പാലിക്കാതെ ബോട്ടിലിന് 11,448 രൂപയ്‌ക്ക്‌ ടെൻഡർ അംഗീകരിച്ച് 14ന് ഉത്തരവിറങ്ങി.

പർച്ചേസ് ഓർഡർ നൽകി 30 മുതൽ 60 ദിവസത്തിനുള്ളിൽ ഉൽപ്പാദിപ്പിച്ച മരുന്നെത്തിക്കണമെന്നും കുറഞ്ഞത് 12 മാസം ഷെൽഫ് ലൈഫ് ഉണ്ടാകണമെന്നും വ്യവസ്ഥയുണ്ടായിരുന്നിട്ടും, ടെൻഡർ അംഗീകരിച്ച് നാല് ദിവസത്തിനുള്ളിൽ രോഗികൾക്ക്‌ മരുന്ന് നൽകി. പർച്ചേസ് ഓർഡർ നൽകിയതിന് തെളിവുകളുമില്ല. അനുമതി ലഭിക്കുന്നതിന് മുമ്പ് കമ്പനി ഉൽപ്പാദിപ്പിച്ച മരുന്നുകൾ വരെ മരുന്ന് ക്ഷാമം മറയ്‌ക്കാൻ നിയമവിരുദ്ധമായി രോഗികൾക്ക്‌ വിതരണം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗുരുതരമായ ചട്ടലംഘനങ്ങളിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്.


Hashtags: #KMSCL #SMADisease #KeralaHealth #MedicineScam #Risdiplam #മരുന്ന്വിതരണം #ചട്ടലംഘനം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0