LPG e-KYC, ITR, വിമാനയാത്രക്കാർ; ഇന്നുമുതൽ നിരവധി മാറ്റങ്ങൾ നിലവിൽ, ഈ കാര്യങ്ങൾ അറിയാതെ പോകരുത്.. #NewRules


സെപ്റ്റംബർ ഒന്ന് മുതൽ സാമ്പത്തിക രംഗത്തും യാത്ര മേഖലകളിലും ഉൾപ്പെടെ നിരവധി നിർണായക മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വന്നിരിക്കുന്നത്. എൽപിജി ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി, ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി, അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള ബോർഡിംഗ് പാസ് സ്റ്റാമ്പിംഗ് ചട്ടങ്ങളിലെ ഇളവുകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഈ മാറ്റങ്ങൾ ഓരോന്നും ശ്രദ്ധയോടെ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര യാത്രക്കാർക്ക് സെപ്റ്റംബർ ഒന്ന് മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസ് സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ല. യാത്രക്കാർക്ക് മൊബൈൽ ഫോണുകളിലെ ഇലക്ട്രോണിക് ബോർഡിംഗ് പാസോ അച്ചടിച്ച കോപ്പിയോ ഉപയോഗിച്ച് യാത്ര സുഗമമാക്കാം. അതേസമയം, ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമുള്ളതും ഓഡിറ്റ് ആവശ്യമില്ലാത്തതുമായ നികുതിദായകർക്ക് ആദായനികുതി റിട്ടേൺ (ITR-3, ITR-4) ഫയൽ ചെയ്യേണ്ട സമയപരിധി ഓഗസ്റ്റ് 31-ന് അവസാനിച്ചു. ഈ തീയതിക്കകം റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴയോടുകൂടി ബിലേറ്റഡ് റിട്ടേൺ ഫയൽ ചെയ്യേണ്ടി വരും.

എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധിയും ഓഗസ്റ്റ് 31-ന് അവസാനിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇ-കെവൈസി നൽകിയിട്ടുള്ളവർ വീണ്ടും ചെയ്യേണ്ടതില്ല. എന്നാൽ, ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി നിരക്കിൽ സിലിണ്ടറുകൾ ലഭിക്കാതെ വരികയും വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വരികയും ചെയ്യുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ബയോമെട്രിക് അപ്ഡേഷൻ നൽകിയില്ലെങ്കിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന സന്ദേശവും കമ്പനികൾ ഉപഭോക്താക്കൾക്ക് അയയ്ക്കുന്നുണ്ട്.

സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇ-കെവൈസി അപ്ഡേഷൻ കർശനമാക്കിയത്. ഗ്യാസ് സിലിണ്ടറുകൾ യഥാർഥ ഉടമകൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. വിതരണ ഏജൻസികൾ വഴിയോ കമ്പനികളുടെ ആപ്പ് ഉപയോഗിച്ച് ഓൺ‌ലൈനായോ ഈ അപ്ഡേഷൻ പൂർത്തിയാക്കാം. സിലിണ്ടർ വിതരണത്തിനായി ജീവനക്കാർ വീട്ടിലെത്തുമ്പോഴും അപ്ഡേഷൻ ചെയ്യാൻ സാധിക്കും. ഓൺ‌ലൈൻ അപ്ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കുന്നതിനായി ആധാർ ഫെയ്‌സ് ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 1800 2333555 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


Hashtags: #LPG #ITR #IncomeTax #Travel #Flight #BoardingPass #eKYC #Subsidy #KeralaNews #IndiaNews #SeptemberUpdates #NewRules #FinancialUpdates
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0