സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ആറ് മരണം; ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് #KeralaRains

Post Image
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. മലയോര മേഖലകളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് ആറ് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം, മലപ്പുറം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലായാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിലുമായി മരണങ്ങൾ സംഭവിച്ചത്. ദുരന്തനിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവർ മരിച്ചു. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റു. കോട്ടയം ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് വാഗമണിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് തമിഴ്നാട് സ്വദേശിനി സംഗീത അരുൾ ലാൽ (35) മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു. കൂടാതെ പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചേലകാട്ട് വീട്ടിൽ ജോസഫ് (80) എന്ന ഗൃഹനാഥനും മരിച്ചു. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളെ രക്ഷപ്പെടുത്താനായി.

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. വിനോദസഞ്ചാരികളും പ്രദേശവാസിയായ ഒരു സ്ത്രീയുമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. അവധിദിനമായതിനാൽ നിരവധിപേർ പുഴയോരത്ത് സന്ദർശനത്തിനെത്തിയിരുന്നു. പുഴയിലിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Hashtags: #KeralaRains #HeavyRain #WeatherAlert #Landslide #FlashFlood #KeralaNews #Monsoon #Disaster
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0