മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിന തടവ്; അനധികൃത സ്വത്ത് കേസിൽ 30 ലക്ഷം പിഴയും #TominThachankary

Post Image
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളെന്ന നിലയിൽ ശിക്ഷാ ഇളവ് അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവനയ്ക്ക് പിന്നാലെ ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2007-ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ടോമിൻ തച്ചങ്കരി ജോലിയിലിരിക്കെ വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തുകയും, ഇതിന്റെ വരുമാന സ്രോതസ്സ് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ഈ കാലയളവിൽ തച്ചങ്കരി നടത്തിയ ചെലവുകളുടെ രേഖകൾ വിജിലൻസിന് കണ്ടെത്താൻ സാധിച്ചു. പിന്നീട് 2013-ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എഡിജിപി ആയിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകൾ ഇതിനോടകം പുറത്തുവന്നിരുന്നു. വിജിലൻസ് സമർപ്പിച്ച രേഖകളെല്ലാം ശരിയാണെന്നുള്ള നിലപാടാണ് ഇപ്പോൾ കോടതി സ്വീകരിച്ചിരിക്കുന്നത്.

ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി ബോധിപ്പിച്ചു. എന്നാൽ, ഈ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ശക്തമായ വാദം.


Hashtags: #KeralaPolice #TominThachankary #Vigilance #CourtVerdict #IllegalAssets #Kottayam #KeralaNews #DIG #CrimeNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0