കർക്കടക വാവുബലിക്ക് പുലർച്ചെ മുതൽ വൻതിരക്ക്; പിതൃമോക്ഷം തേടി ആയിരങ്ങൾ പുണ്യതീർത്ഥങ്ങളിൽ #KarkkidakaVavu

Post Image
സംസ്ഥാനത്ത് കർക്കടക വാവുബലി തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പുലർച്ചെ 2 മണി മുതൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾ വൈകുന്നേരം 3 മണിവരെ നീളും. പിതൃമോക്ഷ പുണ്യം തേടി ആയിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പുണ്യസ്ഥലങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല പാപനാശം എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുണ്യനദികളിലും കടൽത്തീരങ്ങളിലും പുലർച്ചെ മുതൽ തന്നെ ഭക്തർ തർപ്പണത്തിനായി എത്തിച്ചേർന്നിരുന്നു. വിവിധ ക്ഷേത്രങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആലുവ മണപ്പുറത്താണ് ഇത്തവണയും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. പെരിയാർ തീരത്ത് 40 താൽക്കാലിക ബലിത്തറകളിൽ പുലർച്ചെ തർപ്പണം ആരംഭിച്ചു. രാത്രി 12 മണി മുതൽ മെട്രോ സർവീസ് ആരംഭിച്ചത് ഭക്തർക്ക് ഏറെ സഹായകമായി. രണ്ടുദിവസം മഴ ഇല്ലാതിരുന്നതിനാൽ മണപ്പുറത്തെ ചെളി ഒതുങ്ങിയത് ഭക്തർക്ക് ആശ്വാസമായി.

മണപ്പുറത്തെ നടവഴികൾ ബാരിക്കേഡ് കെട്ടി തിരിച്ചിട്ടുണ്ട്. പുഴയിൽ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിച്ചു മാത്രമേ പുഴയിൽ ഇറങ്ങാവൂ എന്ന് മുന്നറിയിപ്പുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ പുഴയോരത്തുനിന്നു ബലിതർപ്പണം മുകളിലേക്കു മാറ്റാനുള്ള ബദൽ സംവിധാനങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


Hashtags: #KarkkidakaVavu #VavuBali #PithruTharpanam #KeralaTemples #ReligiousRituals #AluvaManappuram #Thiruvallam #Hinduism
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0