തിരുവനന്തപുരം: ക്യാപ്ച (CAPTCHA) പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി. ‘ClickFix’ എന്ന പേരിൽ പുതിയ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളിലൂടെ വെബ്സൈറ്റ് സന്ദർശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ യഥാർത്ഥ CAPTCHA വെരിഫിക്കേഷൻ ഉണ്ടായിരിക്കും. എന്നാൽ സൈബർ കുറ്റവാളികൾ ഈ പരിശോധന പൂർത്തിയാക്കിയ ശേഷം ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദർശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സിൽ സൈബർ കുറ്റവാളികൾ തട്ടിപ്പിനായി തയ്യാറാക്കിയ വിവിധ നിർദ്ദേശങ്ങളായിരിക്കും പ്രദർശിപ്പിച്ചിരിക്കുന്നത്.
ഈ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ തട്ടിപ്പുകാർ സിസ്റ്റം ഹാക്ക് ചെയ്യുകയും ഓൺലൈൻ ബാങ്കിങ് പാസ്‍വേഡുകൾ, ഇമെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തിരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡുകൾ എന്നിവ കൈക്കലാക്കുകയും ചെയ്യും. തുടർന്ന് ഡാറ്റ ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഈ തട്ടിപ്പ് രീതി.
അംഗീകൃതമായ ഒരു വെബ്സൈറ്റും CAPTCHA പരിശോധനയുടെ ഭാഗമായി ഉപയോക്താവിനോട് PowerShell അല്ലെങ്കിൽ Command Prompt കമാൻഡുകൾ പ്രവർത്തിപ്പിക്കാനോ, ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ, സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടാറില്ലെന്ന് പോലീസ് ഓർമ്മിപ്പിച്ചു. കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നുകയാണെങ്കിൽ, ഉടൻതന്നെ WiFi അല്ലെങ്കിൽ LAN കണക്ഷൻ വിച്ഛേദിച്ച് ഉപകരണം ഇന്റർനെറ്റിൽ നിന്ന് വേർപെടുത്തണം. സംശയാസ്പദമായ ഫയലുകൾ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈൽ ഫോണുകളിലേക്കോ കൈമാറരുത്. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.