വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷം വൈദ്യുതി നിയന്ത്രണം, കേരളം ഇരുട്ടിലേക്ക് പോകുന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷം.. #PowerCut





സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെത്തുടർന്നുണ്ടായ മഴക്കുറവും, ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യത കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.

മഴ മാറിനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ, ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളേക്കാൾ ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പക്ഷം, ഇന്ന് (2026 ജൂലൈ 13) വൈകുന്നേരം 7 മണിക്ക് ശേഷം സംസ്ഥാനത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വീണ്ടും ആവർത്തിച്ചു. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജലലഭ്യതയിലുണ്ടായ വലിയ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

സാധാരണ ലഭിക്കേണ്ട മഴ ഇക്കുറി ലഭിച്ചില്ലെന്നും, ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും സാഹചര്യം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Hashtags: #വൈദ്യുതിനിയന്ത്രണം #കെഎസ്ഇബി #വൈദ്യുതിപ്രതിസന്ധി #കേരളവാർത്ത #പവർകട്ട് #KSEB #KeralaNews #PowerCrisis #Energy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0