9 വർഷത്തിനു ശേഷം നീതി; സീബ്രാ ക്രോസിങ്ങിൽ 17കാരിയെ ഇടിച്ച ഡ്രൈവർക്ക് 20,000 രൂപ പിഴ #Mumbai_Hit_Run_Fine

Malayoram News Image
മുംബൈ: ഒമ്പത് വർഷം മുമ്പ് സീബ്രാ ക്രോസിങ്ങിൽ 17 വയസ്സുകാരിയെ ഇടിച്ചു തെറിപ്പിച്ച് മാസങ്ങളോളം അബോധാവസ്ഥയിലാക്കിയ കേസിൽ ഡ്രൈവർക്ക് 20,000 രൂപ പിഴ ചുമത്തി മുംബൈ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. പിഴത്തുക നഷ്ടപരിഹാരമായി ഇരയായ പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

2017 മേയ് 28-നാണ് കേസിനാസ്പദമായ അപകടം നടന്നത്. ചർച്ച്‌ഗേറ്റിന് സമീപം മറൈൻ ഡ്രൈവിലെ സീബ്രാ ക്രോസിങ്ങിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 17കാരിയായ നിധി ജെഠ്മലാനിയെ റെയിൽവേ കമ്മിഷണറുടെ ഔദ്യോഗിക വാഹനമായിരുന്ന ടൊയോട്ട ഇന്നോവ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനമോടിച്ചിരുന്നത് പി.നാരായണസാമി പൂസാരിപ്പടയാച്ചി (66) ആയിരുന്നു.

പ്ലസ് ടു പ്രവേശനത്തിനായി കെ.സി. കോളജിലേക്ക് പോവുകയായിരുന്ന നിധിക്ക് അപകടത്തിൽ തലയ്ക്കും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ പെൺകുട്ടി മൂന്ന് മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും മാസങ്ങളോളം അബോധാവസ്ഥയിലുമായിരുന്നു.

അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, നാരായണസാമിക്ക് 20,000 രൂപ പിഴ ചുമത്തുകയായിരുന്നു. പിഴ അടയ്ക്കാത്തപക്ഷം 30 ദിവസം തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

പ്രതി ആദ്യമായി കുറ്റം ചെയ്യുന്നയാളാണെന്നും സംഭവം നടന്നിട്ട് എട്ട് വർഷത്തിലേറെയായെന്നും വിചാരണയുടെ ദുരിതം പ്രതി അനുഭവിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ കുടുംബ പശ്ചാത്തലവും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നതും പരിഗണിച്ച് മൃദുസമീപനം സ്വീകരിക്കുകയാണെന്ന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുപ്രിയ വിജയ്സിങ് നിഖം വിധിന്യായത്തിൽ വ്യക്തമാക്കി.

ചെന്നൈ സ്വദേശിയായ നാരായണസാമി വിചാരണയ്ക്ക് ഓരോ തവണയും ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് വന്നിരുന്നു. 2020-ൽ സർവീസിൽനിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ 66 വയസ്സുകാരനാണ്. പെൻഷൻ വരുമാനം മാത്രമുള്ള സാമ്പത്തിക സ്ഥിതി മോശമാണെന്നും സംഭവം തികച്ചും ഒരു അപകടവും ദൗർഭാഗ്യവുമായിരുന്നെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. അപകടം നടന്ന അന്നുതന്നെ അറസ്റ്റിലായ നാരായണസാമി മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.


Hashtags: #MumbaiAccident #HitAndRun #RoadSafety #മുംബൈഅപകടം #റോഡ്സുരക്ഷ #കോടതിവിധി
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0