കണ്ണൂർ ജില്ല തിരഞ്ഞെടുപ്പിനായി പൂർണസജ്ജം;എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം, കളക്ടർ അരുൺ കെ വിജയൻ #Kannur

 


കണ്ണൂർ: ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമെന്ന് ജില്ലാ ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെ വോട്ടെടുപ്പ്. സുതാര്യവും നീതിപൂർവവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. ജില്ലയിൽ 11,24,959 സ്ത്രീകളും 10,52,014 പുരുഷന്മാരും 11 ട്രാൻസ്ജൻഡറും ഉള്‍പ്പെടെ 21,76,084 വോട്ടര്‍മാരാനുള്ളത്. .വോട്ടെടുപ്പിനായി 2,183 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു.

ഓരോ മണ്ഡലത്തിലും ഓരോ മാതൃക പോളിംഗ് സ്റ്റേഷനുകളും ആകെ 15 പിങ്ക് പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പ് സമാധാനപരമായി നടക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രസേന ഉള്‍പ്പെടെ വിവിധ റാങ്കുകളിലുള്ള 6000ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജും കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാളും അറിയിച്ചു. സിറ്റി പരിധിയിൽ കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസുമുൾപ്പെടെ 20 കമ്പനി സേനയിൽ 1500 പേരുണ്ട്. ഇതിന് പുറമെ 1300 സ്പെഷ്യൽ പോലീസുമുണ്ട്.771 പ്രശ്നസാധ്യത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും 493 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചിട്ടുണ്ട്.എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയ വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ പുറത്തുവരുന്നതുവരെയുള്ള മുഴുവൻ നടപടികളും സി.സി.ടി.വി മുഖേന ജില്ലാതലത്തിലും മണ്ഡലതലത്തിലുള്ള കൺട്രോൾ റൂമുകളിൽ നിന്നും നിരീക്ഷിക്കും. പോളിംഗ് ഡ്യൂട്ടിക്കായി 10,488 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇവരെ ബൂത്തുകളിൽ എത്തിക്കാൻ സർക്കാർ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങളും വിന്യസിക്കും.

*ഹോം വോട്ട്,അവശ്യ സർവീസ്:*

ഹോം വോട്ടിങ്ങിൽ 97% പേർ (18,756 പേർ), അവശ്യ സർവീസ് വിഭാഗത്തിൽ 96.69% പേർ (3,624 പേർ) എന്നിവർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ജീവനക്കാരിൽ 20.77% പേർ ഇതിനകം വോട്ട് ചെയ്തു.


*മാതൃക പെരുമാറ്റച്ചട്ടം*

മാതൃകാചട്ടം ജില്ലയിൽ കർശനമായി നടപ്പിലാക്കുന്നു. 25 എം.സി.സി സ്ക്വാഡുകൾ പ്രവർത്തിക്കുന്നു. 42,659 അനധികൃത പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തിട്ടുണ്ട്.

*നിരോധനാജ്ഞ*

 ഏപ്രിൽ 7 വൈകുന്നേരം 6 മുതൽ 48 മണിക്കൂർ വരെ നിശബ്ദ പ്രചാരണം നിലവിൽ വരും. അതോടൊപ്പം ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 7 വൈകുന്നേരം മുതൽ ഏപ്രിൽ 9 വൈകുന്നേരം വരെ സമ്പൂർണ മദ്യനിരോധനവും നിലവിലുണ്ട്.വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ ശക്തമായ സുരക്ഷയിൽ സൂക്ഷിക്കുകയും ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് എച്ച്.എസ്.എസ്., ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നീ മൂന്ന് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റുകയും ചെയ്യും.

*വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ:*

വോട്ടെടുപ്പിനിടെ മൊബൈൽ ഫോൺ ബൂത്തിലേക്ക് കൊണ്ടുപോകാൻ പാടില്ല. മൊബൈൽ ഫോൺ സൂക്ഷിക്കാൻ സംവിധാനമൊരുക്കും.ഓരോ ബൂത്തിലുള്ള സന്നദ്ധപ്രവർത്തകർ (എൻ.സി.സി/എൻ.എസ്.എസ് വളണ്ടിയർ) വോട്ടർമാരെ സഹായിക്കും. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് മറ്റ് 11 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകൾ പൊതുജനങ്ങൾക്ക് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സേവനത്തിനായി 9497927740, 9497935648 നമ്പറുകളിൽ ബന്ധപ്പെടാം. ഈ നമ്പറുകളിൽ വാട്സ്ആപ്പ് വഴി സന്ദേശമായും ഓഡിയോ, വീഡിയോ ആയും ക്രമക്കേട് ശ്രദ്ധയിൽപ്പെടുത്താം.

*നാളെ (ഏപ്രിൽ 8) തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങൾ:*
തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസം തിരഞ്ഞെടുപ്പ് സാധന സാമഗ്രികൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. വോട്ടിംഗ് പൂർത്തിയാക്കിയശേഷം ഇവ അതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കുകയും വേണം. പയ്യന്നൂർ-ജിവിഎച്ച്എസ്എസ് പയ്യന്നൂർ. കല്യാശ്ശേരി-ഗവ. ഗേൾസ് എച്ച്എസ്എസ് മാടായി. തളിപ്പറമ്പ്- ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്. ഇരിക്കൂർ-ഗവ. എച്ച്എസ്എസ് കുറുമാത്തൂർ.  അഴീക്കോട്-കെഎംഎം ഗവ. വിമൻസ് കോളേജ് കണ്ണൂർ. കണ്ണൂർ-ജിവിഎച്ച്എസ്എസ് കണ്ണൂർ. ധർമ്മടം-ജിഎച്ച്എസ്എസ് പാലയാട്. തലശ്ശേരി- ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി. കൂത്തുപറമ്പ്- നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്. മട്ടന്നൂർ- മട്ടന്നൂർ എച്ച്എസ്എസ്. പേരാവൂർ-സെൻ്റ് ജോസഫ്സ് എച്ച്എസ് തുണ്ടിയിൽ. വാർത്താസമ്മേളനത്തിൽ അസിസ്റ്റൻ്റ് കളക്ടർ എഹ്‌തേദ മുഫസ്സിർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ സിബി എന്നിവരും പങ്കെടുത്തു.

 Kannur district is fully prepared for the elections

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0