മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ #Kochi


കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിൻ്റെ സ്വപ്നമായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിൻ്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്ന് പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.

കുട്ടിയുടെ പിതാവിൻ്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രിയിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും. 

 jaslya johnson organ donation after brain death due to accident

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0